ടോണി ബേബി 2015ലെ ലോഗോസ് പ്രതിഭ
ദൈവവചനം പഠിക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും പ്രഘോഷിക്കുകയും ചെയുന്നവരെ വചനം വിളിക്കുന്ന പേരുണ്ട്, ദൈവങ്ങൾ. 'ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ ദൈവങ്ങൾ എന്ന് അവൻ വിളിച്ചു' (യോഹ 10:35). ദൈവസത്ത ജീവിത ചൈതന്യമാകുമ്പോൾ വചനം നിരന്തര സാമീപ്യമാകും. പോട്ട കണ്ണംപുഴ ബേബി - ഫിലോമിന മകൻ ടോണി ഈ അദ്ഭുതങ്ങളുടെ കരുത്തറിഞ്ഞവനാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വചനാധിഷ്ഠിതമായ ക്വിസ് പ്രോഗ്രാം എന്നറിയപ്പെടുന്ന കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ "ലോഗോസ് ക്വിസ്" പ്രോഗ്രാമിൽ 2015 വർഷത്തെ ലോഗോസ് പ്രതിഭയായി തിരെഞ്ഞടുക്കപ്പെട്ടത് ടോണിയാണ്.

ആറു വർഷങ്ങളായി ടോണി ഈ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നു. ആറു വർഷവും റാങ്കുകൾ; പങ്കെടുത്ത വർഷങ്ങളിലെല്ലാം റാങ്കുകൾ... രൂപതയിൽ മൂന്നു പ്രാവശ്യം നാലാം റാങ്ക്, രണ്ടു വട്ടം രണ്ടാം റാങ്ക്, ഒരിക്കൽ ഒന്നാം റാങ്ക്. സംസ്ഥാനതല പരീക്ഷയിൽ രണ്ടു വട്ടം ഒന്നാം റാങ്ക്. 2015-ൽ ഡി വിഭാഗത്തിൽ ഒന്നാം റാങ്കും ഗ്രാന്റ് ഫിനാലെയിൽ പ്രതിഭാപട്ടവും.

ടോണിക്കുമുണ്ട് ലോഗോസിനൊരുങ്ങാൻ ഒരു ശൈലി. പഠനഭാഗങ്ങൾ പ്രഖ്യാപന ദിനംമുതൽ അഞ്ചോ ആറോ വാക്യങ്ങൾ ഹൃദിസ്ഥമാക്കാൻ തുടങ്ങും. പഠനം റഫറൻസുകളും വ്യാഖ്യാനങ്ങളും അർഥതലങ്ങളും ക്രോസ് റഫറൻസുകളും ചേർത്താണ് എന്നത് ഒരു പ്രത്യേകതയാണ്. ഒരു വട്ടം വായിച്ചുകഴിഞ്ഞാൽ വീണ്ടും വായന തുടരും. ചോദ്യങ്ങൾ കാണുമ്പോഴേക്കും ദൈവകൃപകൊണ്ട് ഉത്തരങ്ങൾ മനസ്സിൽ തെളിയും.

ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ കാണുകയും ദൈവകൃപയും ആശ്രയിക്കുകയും വിശ്വസ്തതയോടും ആത്മാർഥതയോടും കൂടെ കഠിനപ്രയത്നം ചെയുന്ന ടോണിക്കു പറയാനുള്ളത് ഒന്നുമാത്രം: “സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട് അഭിമാനിക്കാൻ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പിൽ അർഹതയോടെ പ്രത്യക്ഷപ്പെടാൻ ഉത്സാഹപൂർവം പരിശ്രമിക്കുക” (2 തിമോ 2:15). മാർ ബസേലിയൂസ് ക്രിസ്ത്യൻ കോളേജ് ഒാഫ് എൻജിനീയറിംഗ് & ടെക്നോളജിയിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി നെറ്റ് ക്രാക്കർ കമ്പനിയിൽ ജോലി ചെയ്തുവന്ന ടോണി ഇപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസിൽ ജോലിക്കായി നിയമിതനായിരിക്കുകയാണ്.

റോണി, സോണി എന്നിവർ സഹോദരങ്ങളാണ്. പോട്ടയിലുള്ള എഡികറന്റിൽ ജോലി ചെയുന്ന ഭാര്യ നിസി തനിക്കെന്നും തുണയാെണന്ന് ടോണി. ജോയേൽ ടോണിയെന്ന മകൻ ജീവിതത്തിലെ ദൈവാനുഗ്രഹമായാണ് മെറ്റാരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന നിസിക്ക് പറയാനുള്ളത്.

ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി പൗലോസ് ശ്ലീഹായുടെ വാക്കുകളാണ്. “എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശു ക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുത്. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചു നോക്കുവിൻ. നല്ലവയെ മുറുകെ പിടിക്കുവിൻ. എല്ലാത്തരം തിന്മകളിൽ നിന്നും അകന്നു നില്ക്കുകയും ചെയുവിൻ” (1 തെസ 5: 16-22).

വ്യത്യസ്ത ക്വിസ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുള്ള ടോണി സമ്മാനങ്ങൾ പലതും സ്വന്തമാക്കിയിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരീക്ഷകളിൽ സംസ്ഥാനതല ട്രോഫികൾ കരസ്ഥമാക്കിയ ഈ യുവാവിന് യുവാക്കളോട് വ്യക്തമായ ഒരഭിപ്രായം പറയാനുണ്ട്. ‘ജീവിതത്തിന് ഒരു ലക്ഷ്യം വേണം. ലക്ഷ്യം വച്ച് കാര്യങ്ങൾ പൂർത്തിയാക്കാൻ ചിട്ടയായ ജീവിതക്രമം വേണം. തകർച്ചകളും തടസങ്ങളും നേരിടുമ്പോഴും നിരാശരാകാതെ മുന്നോട്ടുള്ള പ്രയാണം തുടരണം. നല്ല സൗഹൃദങ്ങൾ, വാക്കുകളിലും പ്രവൃത്തികളിലും ആത്മാർഥത, സത്യസന്ധത എന്നിവയുമുണ്ടായാൽ ജീവിതം വിജയമായിരിക്കും. പ്രാർഥനയും ബൈബിൾ വായനയും ജീവിതചര്യയാക്കുമ്പോൾ ദൈവകൃപ അദ്ഭുതമായി കൂട്ടുണ്ടാകും.

ലോഗോസ് പ്രതിഭയ്ക്ക് ലഭിക്കുന്ന അംഗീകാരമായ വിശുദ്ധനാട് തീർഥാടനം പ്രാർഥിച്ചൊരുങ്ങി കൂടുതൽ വചനനിറവിന്റെ അനുഭവതലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ടോണി.


 Other Items in LOGOS