മാർ പുന്നക്കോട്ടിൽ വചനസർഗപ്രതിഭാ പുരസ്കാരം റവ ഡോ. മൈക്കിൾ കാരിമറ്റത്തിന്
മാർ പുന്നക്കോട്ടിൽ വചനസർഗപ്രതിഭാ പുരസ്കാരം റവ ഡോ. മൈക്കിൾ കാരിമറ്റത്തിന് കേരളകാത്തലിക് ബൈബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗ പ്രതിഭാ പുരസ്കാരം റവ. ഡോ. മൈക്കിൾ കാരിമറ്റത്തിന്. ഇദ്ദേഹത്തിന്റെ "നസ്രത്തിൽനിന്ന് ഒരു പ്രവാചകൻ' എന്ന ബൈബിൾ പഠനഗ്രന്ഥത്തിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്ര ഫലകവും നവംബർ 26നു പി.ഒ.സി.യിൽവച്ച് അവാർഡു ജേതാവിനു സമ്മാനിക്കും. റവ. ഡോ. പോൾ കല്ലുവീട്ടിൽ, റവ.ഡോ. ആന്റണി തേറാത്ത്, റവ.ഡോ. ജേക്കബ് നാലുപറയിൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡു നിർണയം നടത്തിയത്. മലയാളഭാഷയിൽ ബൈബിൾ വൈജ്ഞാനികരംഗത്ത് ഡോ. മൈക്കിൾ കാരിമറ്റം സർഗാത്മകവും പണ്ഡിതോചിതവുമായ സംഭാവനയാണ് നല്കിയിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി. പരാജിതരുടെ സുവിശേഷം, വീടുവിഴുങ്ങുന്നവരും ചില്ലിക്കാശും, വിശ്വാസത്തിന്റെ വേരുകൾ, ആത്മാക്കളുടെ ലോകം, കാണാപ്പുറം, കുരിശിന്റെ സുവിശേഷം, ഗുരുമൊഴികൾ, വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം തുടങ്ങി നിരവധി കൃതികളുടെ കർത്താവാണു ഡോ. മൈക്കിൾ കാരിമറ്റം. ഇംഗ്ളീഷ്ഭാഷയിലും നിരവധി ഗ്രന്ഥങ്ങളും പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിത്രകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. കെ.സി.ബി.സി. മാധ്യമകമ്മീഷന്റെ ദാർശനിക അവാർഡ്, ജോൺ കുന്നപ്പള്ളി അവാർഡ്, കുണ്ടുകുളം അവാർഡ് എന്നിവ നേടിയിട്ടുണ്ട്. തലശ്ശേരി അതിരൂപതാംഗമായ ഡോ. മൈക്കിൾ കാരിമറ്റം റോമിലെ പൊന്തിഫിക്കൽ ബിബ്ളിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റു നേടി. പി.ഒ.സി. മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റർമാരിൽ ഒരാളായിരുന്നു. പതിനഞ്ചുവർഷം തലശ്ശേരി അതിരൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടറായും നാലുവർഷം മുരിങ്ങൂർ ഡിവൈൻ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പളായും പ്രവർത്തിച്ച ഡോ. കാരിമറ്റം ഇപ്പോൾ തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ അധ്യാപകനായി സേവനം ചെയുന്നു.

 Other Items in Home Page Articles