| ||
മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗ പ്രതിഭാപുരസ്കാരം റവ ഡോ. സെബാസ്റ്റ്യൻ കിഴക്കെയിലിന് കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ ബഹുമാനാർഥം ഏർപ്പെടുത്തിയിട്ടുള്ള വചനസർഗ പ്രതിഭാ അവാർഡിന്റെ ഈ വർഷത്തെ പുരസ്കാരം റവ. ഡോ. സെബാസ്റ്റ്യൻ കിഴക്കെയിലിന്. ബൈബിൾ വൈജ്ഞാനികമേഖലയിൽ നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകൾക്കാണ് ഈ വർഷം പ്രതിഭാപുരസ്കാരം നല്കുന്നത്. സെന്റ് തോമസ് മിഷനറി സോസൈറ്റി അംഗമായ ഫാ. സെബാസ്റ്റ്യൻ കണ്ണൂർ പരിയാരത്തുള്ള സാന്തോം സെന്ററിൽ ബൈബിൾ പ്രസിദ്ധീകരണരംഗത്തു പ്രവർത്തിക്കുന്നു. മലയാളഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമായി 36 ബൈബിൾപഠനഗ്രന്ഥങ്ങളും 26 ഇതരഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുഡ്നെസ് ടിവിയിൽ 1000-ൽപരം ബൈബിൾപഠന എപ്പിസോഡുകൾ പൂർത്തിയാക്കിയ അദ്ദേഹം വിവിധ സെമിനരികളിൽ ബൈബിൾ പ്രൊഫസറുമാണ്. ബൈബിളിലെ വിവിധ പുസ്തകങ്ങൾ ആധാരമാക്കി ആദ്ദേഹം പ്രസിദ്ധീകരിക്കുന്ന സാന്തോം ബൈബിൾ വ്യാഖ്യാനഗ്രന്ഥങ്ങൾ ബൈബിൾ വൈജ്ഞാനികമേഖലയിൽ വലിയ മുതൽക്കൂട്ടാണ്. കേരള കാത്തലിക് ബൈബിൾ സൊസൈറ്റി നല്കുന്ന വചനസർഗ പ്രതിഭാപുരസ്കാരവും അവാർഡ് തുകയായ 25,000 രൂപയും 2022 ജനുവരി 15-നു പി.ഒ.സി.യിൽ ഉച്ചകഴിഞ്ഞ് 1.30 മണിക്കു നടക്കുന്ന ചടങ്ങിൽവച്ച് കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ അവാർഡുജേതാവിനു സമ്മാനിക്കുമെന്ന് കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി അറിയിച്ചു. | ||
Tags: Mar+Punnakotttil+Vachana+Sarga+Prathibha+2010+awarded+to+Rev+Dr+Sebastian+Kizhakkeyil | ||
Other Items in BIBLE | ||