ബൈബിൾ ഞായർ 2003 | |
കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ പുറപ്പെടുവിക്കുന്ന സർക്കുലർ ബൈബിൾ ഞായറിന്റെയും ബൈബിൾ വാരാചരണത്തിന്റെയും മുഖ്യവിഷയമായി സ്വീകരിച്ചിരിക്കുന്നത് "മിശിഹാനുഭവത്തിൽ നിന്ന് ജീവിതസാക്ഷ്യത്തിലേയ്ക്ക്" എന്നതാണ്. ദൈവത്തിന്റെ വചനമെന്ന ദാനത്തിന് നന്ദി പറയുവാനും നമ്മുടെ ജീവിതത്തിൽ വചനത്തിന് മുഖ്യസ്ഥാനം നൽകി നമ്മെത്തന്നെ വീണ്ടും പ്രതിഷ്ഠിക്കുവാനുമുളള അവസരമായിരിക്കട്ടെ ബൈബിൾ ഞായർ. ഒരു രക്ഷകനെ പ്രതീക്ഷിച്ചിരുന്ന ഇസ്രായേൽ ജനതയെ രൂപപ്പെടുത്തിയ പഴയനിയമഗ്രന്ഥങ്ങളും ക്രിസ്തുവിൽ പൂർത്തിയായ രക്ഷാകരചരിത്രമുൾക്കൊളളുന്ന പുതിയ നിയമഗ്രന്ഥങ്ങളുമടങ്ങുന്നതാണല്ലോ ബൈബിൾ. പഴയനിയമത്തിൽ പ്രവാചകന്മാർ വഴിയും നേതാക്കൾ വഴിയും സമയത്തിന്റെ പൂർണ്ണതയിൽ സ്വപുത്രനായ യേശുക്രിസ്തു വഴിയും സംസാരിച്ച ദൈവം ഇന്ന് നമുക്കുവേണ്ടിയുളള തന്റെ സന്ദേശങ്ങൾ വെളിപ്പെടുത്തുന്നത് വി. ഗ്രന്ഥത്തിലൂടെയാണ്. ദൈവസന്ദേശങ്ങൾ അറിയുന്നതിനുളള മാധ്യമമായ തിരുവചനങ്ങൾ പഠിക്കുകയെന്നതിന്റെ ആവശ്യകതയെപ്പറ്റി നിയമാവർത്തന പുസ്തകത്തിൽ ദൈവം ഇങ്ങനെ അരുൾചെയുന്നു. "ഞാനിന്നു കല്പിക്കുന്ന ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. വീട്ടിലായിരിക്കുമ്പോഴും യാത്രചെയുമ്പോഴും, കിടക്കുമ്പോഴും, എഴുന്നേൽക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. (നിയ 6:4). പുതിയ നിയമത്തിൽ പൗലോസ് ശ്ലീഹാ വി. ലിഖിതങ്ങളെപ്പറ്റി ഇപ്രകാരം നമ്മെ ഓർമ്മപ്പെടുത്തുന്നു. വി. ലിഖിലതമെല്ലാം ദൈവനിവേശിതമാണ്.അവ പ്രബോധനത്തിനും, ശാസനത്തിനും, തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവർത്തികളും ചെയുന്നതിന് പര്യാപ്തനാവുകയും ചെയുന്നു. " (2 തിമോ: 3: 16-..17) വി. ഗ്രന്ഥത്തിന്റെ വായനയും, പഠനവും, ധ്യാനവും ക്രിസ്ത്വാനുഭവത്തിൽ വളരാൻ നമ്മെ സഹായിക്കുന്നു. പിതാവിൽ നിന്നുളള കൃപയാൽ ദാനമായി ലഭിക്കുന്ന ഈ ക്രിസ്ത്വാനുഭവം സ്വന്തമായി കൈവശം സൂക്ഷിക്കുന്ന ഒന്നാകാതെ പ്രഘോഷിക്കപ്പെടുന്ന സത്യമാകണം. സുവിശേഷമെന്നത് ഇന്ന് യേശുക്രിസ്തുവിലൂടെയുളള രക്ഷയുടെ സദ്വാർത്ത പ്രഘോഷണത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും പകർന്നുകൊടുക്കുന്നതാണ്. ആത്മാക്കളുടെ രക്ഷയെക്കുറിച്ചുളള തീക്ഷ്ണതയാൽ യേശു തന്റെ സ്നേഹസാമീപ്യത്തിലൂടെ, ദൗത്യനിർവ്വഹണത്തിലൂടെ, അദ്ഭുതങ്ങളിലൂടെ, ഉപദേശങ്ങളിലൂടെ, കുരിശുമരണത്തിലൂടെ സാക്ഷ്യം നൽകി. യേശുവിനോടൊത്ത് ജീവിച്ച അപ്പസ്തോലന്മാരിൽ പത്രോസ് "നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" എന്നും (മത്താ: 16:16) തോമാശ്ലീഹ, "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്നും (യോഹ. 20:28) ഏറ്റു പറഞ്ഞ് തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം നൽകി. ഡമാസ്കസിലേക്കുളള വഴിയിൽ വച്ച് ക്രിസ്ത്വാനുഭവം ലഭിച്ചപൗലോസ് പിന്നീട് എഴുതുന്നു :" എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്" (ഫിലി. 1:21) ദിവ്യഗുരുവിനെ അനുകരിക്കാൻ ആഗ്രഹിക്കുന്ന സഭയിലെ ഓരോ അംഗവും "ഞങ്ങൾ കർത്താവിനെകണ്ടു" (യോഹ. 20:25) എന്ന സദ്വാർത്തയുമായി അയയ്ക്കപ്പെടുന്നവനാകണം. നമ്മുടെ പദ്ധതികൾ ക്രിസ്തുവിനെ പറ്റിയുളള പ്രഘോഷണം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതാകണം. സമൂഹത്തിലും, സംസ്ക്കാരത്തിലും അഗാധവും, തീക്ഷ്ണവുമായ സ്വാധീനം ചെലുത്താൻ സഹായിക്കുന്നതുമാകണം. ഉപഭോഗ സംസ്ക്കാരത്തിന്റെ ഈ കാലഘട്ടത്തിൽ സുവിശേഷമൂല്യങ്ങളും സഭാപാരമ്പര്യങ്ങളും അനുസരിച്ച് ജീവിക്കുന്നവരുടെ സാക്ഷ്യമാണാവശ്യം. കുട്ടികളോടും, യുവജനങ്ങളോടും, പ്രായമായവരോടും ജീവിതസാക്ഷ്യത്തിലൂടെ ആത്മവിശ്വാസത്തോടെ സുവിശേഷമറിയിക്കുന്നവരുടെ ഒരു ഗണമാണുണ്ടാകേണ്ടത്. യാക്കോബ് ശ്ലീഹാ എഴുതുന്നു. "നിങ്ങൾ വചനം കേൾക്കുകമാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ, അത് അനുവർത്തിക്കുന്നവരും ആയിരിക്കുവിൻ". (യാക്കോ:1:25). മിശിഹാനുഭവത്തിൽ നിന്നു രൂപപ്പെടുന്ന ജീവിത സാക്ഷ്യത്തിന് നമ്മെ പ്രേരിപ്പിക്കുന്ന വി. ഗ്രന്ഥത്തോട് താല്പര്യമുണർത്തുന്നതിന് സഹായകരമായ വിവിധ കർമ്മപദ്ധതികൾ കെ.സി.ബി.സി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ പാലാരിവട്ടത്തുളള പി.ഒ.സി. യിൽ ഈ വർഷവും നടത്തുന്നുണ്ട്. വൈദികർക്കും, സന്യസ്തർക്കും, അല്മായർക്കും വേണ്ടിയുളള ബൈബിൾ കോഴ്സുകൾ, ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ്, സാഹിത്യ രചനാ മത്സരങ്ങൾ, അനുദിന ബൈബിൾ വായനാ കലണ്ടർ, ലോഗോസ് ക്വിസ് 2003, ബൈബിൾ സ്കോളേഴ്സ് സ്റ്റഡിഫോറം, എല്ലാ രൂപതകളുടെയും ബൈബിൾ അപ്പസ്റ്റലേറ്റ് ഡയറക്ടർമാരുടെ സമ്മേളനങ്ങൾ, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ ചിലതാണ്. ബൈബിൾ വായനയ്ക്കും പഠനത്തിനും പ്രോത്സാഹനമായി കേരളത്തിലെ എല്ലാ രൂപതകളേയും ഉൾപ്പെടുത്തിക്കൊണ്ട് കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടത്തിയ ലോഗോസ് ക്വിസിന് ആയിരത്തി എണ്ണൂറോളം കേന്ദ്രങ്ങളിലായി രണ്ടുലക്ഷത്തി അയ്യായിരം പേർ പങ്കെടുക്കുകയുണ്ടായി. ഈ വർഷം ലോഗോസ് ക്വിസ് 2004 ന്റെ പഠനത്തിനായി നിശ്ചയിച്ചിരിക്കുന്നത് വി. മർക്കോസ് എഴുതിയ സുവിശേഷവും, ഹെബ്രായർക്കെഴുതിയ ലേഖനവുമാണ്. അഖില കേരള തലത്തിൽ സഭയുടെ കൂട്ടായ്മയും ഐക്യവും പ്രകടമാക്കുന്ന ഈ ബൈബിൾ ക്വിസ് മത്സരത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിനും ഇതുവരെയും ഈ സംരംഭം ആരംഭിക്കാത്ത ഇടവകകളിൽ സംഘടിപ്പിക്കുന്നതിനും ബഹു. ഇടവക വികാരിമാരും, സന്യാസിനിസന്യാസികളും, മതാദ്ധ്യാപകരും, വിവിധ സംഘടനാ ഭാരവാഹികളും ആത്മാർത്ഥമായി ഉത്സാഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബൈബിൾ പ്രചാരണ രംഗത്ത് കേരള ക്രൈസ്തവർ കൂട്ടായി പ്രവർത്തിക്കുന്ന കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയെക്കുറിച്ച് ഏവർക്കും അറിവുളളതാണല്ലോ. ഈ സൊസൈറ്റിയിൽ അംഗങ്ങളായി ചേരുന്നതിന് കൂടുതൽ പേർ താല്പര്യം കാണിക്കുന്നുവെന്നത് ബൈബിൾ പ്രചാരണ രംഗത്ത് കേരള ക്രൈസ്തവർക്കുളള താല്പര്യത്തിന്റെ ഒരു പ്രത്യേക തെളിവാണ്. മിനിമം തുകയായ 500 രൂപയുടെ മെമ്പർഷിപ്പെങ്കിലുമെടുത്ത് സൊസൈറ്റിയുടെ ബൈബിൾ പ്രവർത്തനങ്ങളെ സജീവമാക്കാൻ കൂടുതൽ പേർ കടന്നു വരണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ അംഗത്വ ഫീസും ഉദാരമതികളായ സഭാമക്കളിൽ നിന്നുളള സംഭാവനകളും പാലാരിവട്ടത്തുളള പി.ഒ.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സെക്രട്ടറിയുടെ പേരിൽ അയയ്ക്കണമെന്ന് താല്പര്യപ്പെടുന്നു. ഓരോ രൂപതയിലേയും ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർമാർ വഴിയോ, പി.ഒ.സി.യിലെ ബൈബിൾ കമ്മീഷൻ സെക്രട്ടറി വഴിയോ എല്ലാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫലമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബൈബിൾ പ്രേഷിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.സി.ബി.സി. ബൈബിൾ കമ്മീഷന് എല്ലാവരുടെയും പ്രാർത്ഥനയും, സാമ്പത്തിക സഹായവും ഈ അവസരത്തിൽ പ്രതീക്ഷിക്കട്ടെ. ബൈബിൾ ഞായറാഴ്ച ഓരോ ഇടവകയിലും നടത്തുന്ന പിരിവ് കെ.സി.ബി.സി. ബൈബിൾ കമ്മീഷനുവേണ്ടി രൂപതാ കേന്ദ്രത്തിലെത്തിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. വി. ഗ്രന്ഥവായനയിലൂടെയും, ധ്യാനത്തിലൂടെയും മിശിഹാനുഭവത്തിലേയ്ക്ക് കടന്നുവരാനും അത് മറ്റുളളവർക്ക് ജീവിത സാക്ഷ്യമായിത്തീരാനും ഈ വർഷത്തെ ബൈബിൾ വാരാഘോഷവും, ബൈബിൾ ഞായറും സഹായകമാകട്ടെയെന്ന് പ്രത്യാശിക്കുന്നു. എല്ലാവർക്കും, മിശിഹാനുഭവം പ്രദാനം ചെയുന്ന ശാന്തിയും, സമാധാനവും ആശംസിച്ചുകൊണ്ടും ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൊണ്ടും. ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ | |