ബൈബിൾ ഞായർ 2004 | |
കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ പുറപ്പെടുവിക്കുന്ന സർക്കുലർ കർത്താവായ യേശുവിൽ പ്രിയപ്പെട്ടവരെ, ദൈവവചനമായ ബൈബിളിനോടുളള ആദരവു പ്രകടിപ്പിക്കാൻ ആണ്ടുവട്ടത്തിലെ ഒരു ഞായർ നാം ബൈബിൾ ഞായറായി മാറ്റിവയ്ക്കുന്നു. വർഷങ്ങളായി നാം ആചരിച്ചുവരുന്ന ബൈബിൾ ഞായർ ഈ വർഷം ജൂൺ 13..ാം തീയതി ആഘോഷിക്കുകയാണ്. അതിന് ഒരുക്കമായി ജൂൺ 7 മുതൽ 12 വരെ നാം ബൈബിൾ വാരമായി ആചരിക്കുന്നു. മനുഷ്യവംശത്തിന് ലഭ്യമായ വചനമെന്ന ദാനത്തിന് നന്ദി പറയുവാനും വചനത്താൽ നവീകൃതമായ ഒരു ജീവിതം നയിക്കുവാനും ഈ വർഷത്തെ ബൈബിൾ ഞായർ നമുക്ക് പ്രചോദനം നല്കട്ടെ. ബൈബിൾ ഞായറിന്റെയും ബൈബിൾ വാരാചരണത്തിന്റെയും മുഖ്യ വിഷയമായി സ്വീകരിച്ചിരിക്കുന്നത് "ബൈബിൾ സന്ദേശം മാധ്യമങ്ങളിലൂടെ" എന്നതാണ്. അപ്പസ്തോല പ്രവർത്തനങ്ങളുടെ ആദ്യ അദ്ധ്യായങ്ങളിൽ ക്രിസ്തുശിഷ്യർ സുവിശേഷം പ്രഘോഷിക്കുന്നതിന്റെ ഹൃദയസ്പർക്കായ പല വിവരണങ്ങളുമുണ്ട്. നാഥനിൽ നിന്നു തങ്ങൾക്കായി ലഭിച്ച ദൗത്യമനുസരിച്ചാണ് അവർ ക്രിസ്തുവിനെ പ്രസംഗിച്ചത്. സ്വർഗ്ഗാരോഹണത്തിനുമുൻപ് യേശു ശിഷ്യരോടുപറയുന്നു "ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിയ്ക്ക് സാക്ഷികളായിരിക്കുവിൻ" (അപ്പ 1:8). പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അപ്പസ്തോലന്മാർ പന്തക്കുസ്താനാളിൽ തങ്ങളുടെ പ്രേഷിതദൗത്യം ആരംഭിച്ചു. തിരിച്ചടിയുടെ നിമിഷങ്ങളുണ്ടായിരുന്നിട്ടും അപ്പസ്തോലന്മാർ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽനിന്ന് പിന്മാറിയില്ല. "ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല". പത്രോസും യോഹന്നാനും സാൻഹെദ്രീൻ സംഘത്തെ അറിയിക്കുന്നു. (അപ്പ 4:20) രണ്ടു സഹസ്രാബ്ദങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ സാഹചര്യങ്ങൾ വളരെയധികം മാറിയെന്ന് വളരെ വ്യക്തമാണ്. എന്നാൽ ക്രിസ്തുവിനെ പ്രസംഗിക്കുകയെന്ന അതേ ദൗത്യം ഇന്നും നിലനിൽക്കുന്നു. നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ രക്ഷാകരസാന്നിദ്ധ്യത്തിന് സാക്ഷ്യം വഹിക്കുകയെന്ന ദൗത്യം ആദ്യശിഷ്യന്മാരുടേതുപോലെ ഇന്നും അനുപേക്ഷണീയമാണ്. പരമ്പരാഗതമായ സുവിശേഷ പ്രഘോഷണ രീതികളോടൊപ്പം ആധുനിക മാർഗ്ഗങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളെ സംബന്ധിക്കുന്ന ഡിക്രിയിൽ ഇപ്രകാരം പഠിപ്പിക്കുന്നു. "സകല ജനങ്ങളും രക്ഷപ്രാപിക്കാൻ വേണ്ടിയാണ് ക്രിസ്തുനാഥൻ കത്തോലിക്കാ സഭ സ്ഥാപിച്ചത്. അതുകൊണ്ട് അവൾ സുവിശേഷം അറിയിക്കാൻ ബാദ്ധ്യസ്ഥയാണ്. തന്നിമിത്തം സാമൂഹ്യസമ്പർക്കമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടും രക്ഷയുടെ സുവിശേഷം അറിയിക്കുകയും അങ്ങനെ അവയുടെ ശരിയായ ഉപയോഗത്തെപ്പറ്റി മനുഷ്യരെ പഠിപ്പിക്കുകയും ചെയുകയെന്നത് തന്റെ കടമയാണെന്ന് സഭ വിശ്വസിക്കുന്നു." വ്യക്തികളെ മാത്രമല്ല സമൂഹം മുഴുവനും സുവിശേഷവൽക്കരിക്കാനുളള സാധ്യതകൾ സഭയ്ക്ക് അവളുടെ പരിധിയിലുണ്ട്. മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ വ്യക്തിഗതമനസ്സുകളെ സനാതനസത്യം ഉപദേശിക്കാൻ മാത്രമല്ല യേശുക്രിസ്തുവിന്റെ മനസ്സും അഭീഷ്ടവുമനുസരിച്ച് എല്ലാ സാംസ്ക്കാരിക ഭാവങ്ങളെയും രൂപപ്പെടുത്താനും പ്രേരിപ്പിക്കാനും മുഴുവൻ ഭൂഖണ്ഡങ്ങളെയും പ്രകാശിതമാക്കാനും കഴിയും. കാരണം മാധ്യമങ്ങൾ സാമൂഹികപങ്കാളിത്തത്തിന് വഴി തെളിക്കുന്നു. കാഴ്ച്ചക്കാരായോ കേൾവിക്കാരായോ പങ്കുചേരുന്ന ആയിരങ്ങളും ലക്ഷങ്ങളുമായി നിമിഷനേരം കൊണ്ട് ബന്ധം സ്ഥാപിക്കാൻ മാധ്യമങ്ങൾ വഴി സാധിക്കുന്നു. ഇത് ഗിരിപ്രഭാഷണത്തിന്റെ ഇന്നിനു ചേർന്ന പുനരവതരണമാണ്. പത്രം, സിനിമ, റേഡിയോ, ടെലിവിഷൻ, ഇൻറർനെറ്റ് തുടങ്ങിയ കംപ്യൂട്ടർ നെറ്റുവർക്കുകൾ എന്നിവയെല്ലാം വ്യക്തികളെയും ജനക്കൂട്ടത്തെയും മാത്രമല്ല മാനവസമൂഹത്തെത്തന്നെ സ്വാധീനിക്കാൻ ശക്തിയുളളവയാണ്. വളരെപ്പേർ ജീവിക്കുന്നത് മാധ്യമങ്ങളുടെ നിറവിലാണ്. അവരുടെ ഈ അനുഭവത്തിലേയ്ക്ക് ക്രിസ്തുവിന്റെ സന്ദേശവും കടന്നുവരേണ്ടിയിരിക്കുന്നു. സഭയെ ഭരമേല്പിച്ചിരിക്കുന്ന സുവിശേഷ സന്ദേശം മാധ്യമങ്ങളുടെ സഹായത്താൽ 'പുരമുകളിൽനിന്ന്' പ്രസംഗിക്കപ്പെടണം. എല്ലാ സഭാസന്താനങ്ങളും കൂടുതൽ തീഷ്ണതയോടെ സഭയുടെ വിവിധങ്ങളായ അപ്പസ്തോലിക പ്രവർത്തനങ്ങളിൽ സാഹചര്യങ്ങളും സന്ദർഭങ്ങളും ആവശ്യപ്പെടുന്നതനുസരിച്ച് മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഒന്നിച്ച് ശ്രമിക്കണം. മനുഷ്യസമൂഹത്തിൽ സനാതന സത്യങ്ങളേയും സുവിശേഷ സന്ദേശങ്ങളേയും പ്രചരിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയുന്ന പ്രോഗ്രാമുകളേയും നാം പ്രോത്സാഹിപ്പിക്കണം. വിവിധ സാസ്ക്കാരിക പശ്ചാത്തലത്തിലും പ്രായത്തിലുമുളള സദസ്സുകളെ ഉദ്ദേശിച്ചുളള പ്രോഗ്രാമുകൾ ക്രിസ്തീയ ധാർമ്മിക തത്വങ്ങളാൽ നിറഞ്ഞവയായിരിക്കണം. കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കുറിച്ചും പാപത്തിന്റെയും മരണത്തിന്റെയും മേൽ അവിടുന്നു നേടിയ വിജയത്തെക്കുറിച്ചും സദസ്യരുടെ അഭിരുചിക്കനുസരിച്ച് പരസ്യമായി പ്രഘോഷിക്കുന്നതിന് പുതിയ മാർഗ്ഗങ്ങൾ ക്രിസ്തീയ മാധ്യമ പ്രവർത്തകർ കണ്ടുപിടിക്കണം. അത് പ്രാവർത്തികമാക്കുന്നതിന് ധാരാളം സമ്പത്തും സാങ്കേതികജ്ഞാനവും കൂട്ടായ പ്രവർത്തനവും ആവശ്യമാണ്. അതോടൊപ്പം മറ്റൊന്നുകൂടി ആവശ്യമാണ്. പ്രാർത്ഥനയിലൂടെയും കൂദാശകളുടെ അനുഷ്ഠാനത്തിലൂടെയും, വചനത്തിന്റെ വായനയിലൂടെയും വിചിന്തനത്തിലൂടെയും മറ്റുളളവർക്കായുളള സേവനത്തിലൂടെയും യേശുവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കണം. സത്യം, നീതി, സ്നേഹം, കരുണ തുടങ്ങിയ മൂല്യങ്ങളാൽ നിറഞ്ഞ സന്ദേശത്തിന്റെയെല്ലാം സാരാംശം എപ്പോഴും ക്രിസ്തു തന്നെ. മാനുഷിക ആവശ്യങ്ങളിലേയ്ക്കും പ്രത്യേകിച്ച് ദുർബലരും വേദനിക്കുന്നവരും ഒന്നുമില്ലാത്തവരുമായവരിലേയ്ക്കും ശ്രദ്ധ ആകർഷിക്കുന്ന മാധ്യമ പ്രോഗ്രാമുകൾ പരോക്ഷമായി ക്രിസ്തുവിനെ പ്രഘോഷിക്കുന്നവയാണ്. സുവിശേഷ സന്ദേശങ്ങൾക്ക് വിരുദ്ധമായും മനുഷ്യന്റെ തന്നെ നാശത്തിനും മാധ്യമങ്ങളെ ദുരുപയോഗിക്കുന്നതിനെ സഭ ഗൗരവപൂർവ്വം കാണുന്നു. ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും ഹാനിവരുത്തുന്ന പ്രദർശനങ്ങളും പ്രസിദ്ധീകരണങ്ങളും വീടുകളിൽ പ്രവേശിക്കാതിരിക്കുന്നതിനും മറ്റു സാഹചര്യങ്ങളിലൂടെ അവ തങ്ങളുടെ കുട്ടികളേയും ചെറുപ്പക്കാരെയും സ്വാധീനിക്കാതിരിക്കുന്നതിനും ശ്രദ്ധ ചെലുത്തുവാൻ മാതാപിതാക്കൾക്ക് ഗൗരവതരമായ ചുമതലയുണ്ട്. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നവയെക്കുറിച്ച് ചർച്ച ചെയുമ്പോഴും തീരുമാനങ്ങളെടുക്കുമ്പോഴും വി.ഗ്രന്ഥവും ക്രിസ്തീയ വിശ്വാസവും മാനദണ്ഡമായി സ്വീകരിക്കണം. ബൈബിൾ ഞായറും ബൈബിൾ വാരാചരണവും ആഘോഷിക്കുന്ന ഈ അവസരത്തിൽ നാം വിശ്വസിക്കുന്ന യേശുവിനെ ലോകത്തിന്റെ മുമ്പിൽ കൂടുതൽ തീക്ഷ്ണതയോടെയും ഫലപ്രദമായും അവതരിപ്പിക്കാനുളള ചുമതലയെക്കുറിച്ച് നമുക്കു ബോധവാന്മാരാകാം. ഇതിന് നമ്മെ സഹായിക്കുന്ന വിധത്തിലാണ് ഈ വർഷത്തെ ബൈബിൾ വാരാചരണത്തിനോടനുബന്ധിച്ചുളള വായനകളും വിചിന്തനങ്ങളും പ്രാർത്ഥനകളും ക്രമീകരിച്ചിരിക്കുന്നത്. ബൈബിൾ വാരത്തിൽ പളളികളിൽ ഉപയോഗിക്കേണ്ട വായനകളും പ്രാർത്ഥനകളുമടങ്ങിയ ലഘുലേഖ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ബലിയർപ്പണത്തിന്റെ അവസാനം വിശ്വാസികളോടൊത്ത് വചനം പഠിക്കാനും പ്രാർത്ഥിക്കാനും അവ ഉപയോഗിക്കണം. ബൈബിൾ ഞായറിനോടനുബന്ധിച്ച് വചനാധിഷ്ഠിതമായ പ്രോഗ്രാമുകൾ ഇടവകകളിൽ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും. സുവിശേഷ സന്ദേശത്തിന് ജനഹൃദയങ്ങളിൽ ഇടം കണ്ടെത്തുന്നതിന് സഹായകരമായ വിവിധ കർമ്മപദ്ധതികൾ കെ.സി.ബി.സി ബൈബിൾ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും പി.ഒ.സി.യിൽ ഉണ്ട്. ഉദാഹരണമായി ബൈബിൾ വായനയ്ക്കും പഠനത്തിനും പ്രോത്സാഹനമായി കേരളത്തിലെ എല്ലാ രൂപതകളെയും ഉൾപ്പെടുത്തി കഴിഞ്ഞവർഷം നടത്തിയ ലോഗോസ് ക്വിസ് മത്സരത്തിന് 2128 കേന്ദ്രങ്ങളിലായി രണ്ടു ലക്ഷത്തി അറുപതിനായിരത്തിലധികം പേർ പങ്കെടുക്കുകയുണ്ടായി. ഈ വർഷത്തെ ലോഗോസ് ക്വിസിന് പഠനത്തിനായി നിശ്ചയിച്ചിരിക്കുന്നത് വി.മത്തായി എഴുതിയ സുവിശേഷവും റോമാക്കാർക്കെഴുതിയ ലേഖനവുമാണ്. ഈ വർഷവും ഈ മത്സരത്തിൽ പങ്കുചേർന്ന് വചനം പഠിക്കുന്നതിന് കൂടുതൽ പേർ താല്പര്യം കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള സഭയിൽ ബൈബിൾ പ്രചാരണ രംഗത്ത് കൂട്ടായി പ്രവർത്തിക്കുന്നതിനുളള ഒരു വേദിയാണല്ലൊ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി. ഈ സൊസൈറ്റിയിൽ അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർ പാലാരിവട്ടത്തുളള പി.ഒ.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി സെക്രട്ടറിയുമായി ബന്ധപ്പെടണം. ഓരോ രൂപതയിലേയും ബൈബിൾ അപ്പസ്തോലേറ്റ് ഡയറക്ടർമാർ വഴിയോ, പി.ഒ.സി. യിലെ ബൈബിൾ കമ്മീഷൻ സെക്രട്ടറി വഴിയോ എല്ലാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫലമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള സഭയിൽ ബൈബിൾ പ്രേഷിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.സി.ബി.സി. ബൈബിൾ കമ്മീഷന് എല്ലാവരുടേയും പ്രാർത്ഥനയും സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നു. ബൈബിൾ ഞായറാഴ്ച ഓരോ ഇടവകയിലും നടത്തുന്ന പിരിവ് കെ.സി.ബി.സി. ബൈബിൾ കമ്മീഷനുവേണ്ടി രൂപതാ കേന്ദ്രത്തിൽ എത്തിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. വി.ഗ്രന്ഥ വായനയിലൂടെയും വിചിന്തനത്തിലൂടെയും മിശിഹായെ കൂടുതലായി അനുഭവിച്ചറിയാനും സുവിശേഷസന്ദേശം മറ്റുളളവർക്ക് പകർന്നു നല്കാനുമുളള പ്രേഷിത തീക്ഷ്ണതയാൽ നിറയുവാനും ഈ വർഷത്തെ ബൈബിൾ വാരാഘോഷവും ബൈബിൾ ഞായറും നമ്മെ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു. വചനാധിഷ്ഠിത ജീവിതം പ്രദാനം ചെയുന്ന അനുഗ്രഹത്തിലേയ്ക്ക് കടന്നുവരുവാൻ സർവ്വശക്തനായ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്. ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ | |